Kerala
കൊല്ലം: സോളാര്‍ കേസില്‍ മന്ത്രി ഗണേഷ്കുമാറിനെതിരേ മുന്‍ പേഴ്സണല്‍ സ്റ്റാഫ് സുധീര്‍ മലയിലിന്റെ മൊഴി. ഉമ്മന്‍ ചാണ്ടിയെ ലൈംഗിക ആരോപണ കേസില്‍ കുടുക്കുമെന്ന് ഗണേഷ് പറഞ്ഞിരുന്നതായി സുധീര്‍ മലയില്‍ കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷല്‍ മജിസ്ട്രേട്ട് ഇ.ആര്.അര്‍ജുന്‍രാജിനു മുന്‍പാകെ മൊഴി നല്കി.
സോളാര്‍ പരാതിയില്‍ പേജുകള്‍ കൂട്ടിച്ചേര്‍ത്തതില്‍ ഗൂഢാലോചനയുണ്ടെന്ന അഭിഭാഷകനായ സുധീര്‍ ജേക്കബിന്റെ പരാതിയിലാണ് മൊഴി നല്‍കിയത്. സോളര്‍ പീഡനക്കേസിലെ പരാതിക്കാരിയും ഗണേഷും പ്രതികളായ സോളര്‍ ഗൂഢാലോചന കേസില്‍ സാക്ഷിയാണു സുധീര്‍. 2011 മുതല്‍ 2013 വരെ സംസ്ഥാന വനം, കായിക മന്ത്രിയായിരുന്ന ഗണേഷിന്റെ പഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റാണ് സുധീര്‍.
പരാതിക്കാരിയുമായി ഗണേഷ്കുമാര് അടുത്ത ബന്ധം പുലര്‍ത്തുന്നതായി ബോധ്യപ്പെട്ടിരുന്നെന്നും മന്ത്രിയുടെ ഔദ്യോഗിക വസതിയിലും ഓഫീസുകളിലും അവര്‍ നിത്യസന്ദര്‍ശകയായിരുന്നെന്നും മൊഴിയിലുണ്ട്.
ഗണേഷ്കുമാറിനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു പാര്‍ട്ടി ചെയര്മാന് ആര്.ബാലകൃഷ്ണപിള്ള കത്തു നല്‍കിയിട്ടും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗണേഷിനെ സംരക്ഷിച്ചു. മുന്‍ഭാര്യ നല്കിയ ഗാര്‍ഹിക പീഡന പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് എടുത്ത കേസിനും പ്രതിപക്ഷ പ്രതിഷേധത്തിനും പിന്നാലെ 2013 ഏപ്രില്‍ രണ്ടിനു ഗണേഷ് മന്ത്രിസ്ഥാനം രാജിവച്ചു.
പിന്നീട് കേസ് ഒത്തുതീര്‍പ്പാക്കി. മന്ത്രിസ്ഥാനം തിരികെ ലഭിക്കാന്‍ ഗണേഷ് പലതവണ ഉമ്മന്‍ചാണ്ടിയെ സമീപിച്ചെങ്കിലും പല കാരണങ്ങള്‍ കൊണ്ടും നടന്നില്ല. അക്കാലത്താണ്, ഉമ്മന്‍ചാണ്ടിയെ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹത്തെയും യുഡിഎഫ് നേതാക്കളെയും പീഡനക്കേസില്‍ കുടുക്കുമെന്നും തന്നോടു പറഞ്ഞതെന്നും സുധീര്‍ പറയുന്നു.
പിന്നീടു ഗണേഷ് എല്‍ഡിഎഫിലേക്കു പോയി. പത്തനാപുരത്തുനിന്നു വീണ്ടും എംഎല്‍എ ആയി. സോളര്‍ കേസിലെ പരാതിക്കാരി പീഡന പരാതികളുമായി രംഗത്തെത്തുമ്പോഴാണു ഗണേഷ് മുന്‍പു പറഞ്ഞതു യാഥാര്‍ഥ്യമായെന്നു ബോധ്യപ്പെട്ടതെന്നും സുധീര്‍ മൊഴി നല്കി.
കേസില്‍ അവധിക്ക് അപേക്ഷ നല്കിയ സാക്ഷി അഡ്വ.ഫെനി ബാലകൃഷ്ണനോട് 12നു ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു.
സോളര്‍ ഗൂഢാലോചന കേസ് പ്രചാരണായുധമാക്കുകയാണെന്നും തെരഞ്ഞെടുപ്പ് കഴിയുംവരെ തുടര്‍നടപടികള്‍ മാറ്റിവയ്ക്കണമെന്നുമുള്ള ഗണേഷ്കുമാറിന്റെ അഭിഭാഷകന്റെ ആവശ്യം കോടതി തള്ളി.
Kerala
തിരുവനന്തപുരം: സ്ത്രീകൾക്ക് മാത്രമായി കെഎസ്ആർടിസിയുടെ പിങ്ക് ബസ് ഉടൻ നിരത്തിലിറങ്ങുന്നു. മന്ത്രി കെ.ബി.ഗണേഷ് കുമാറാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
സ്ത്രീകൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തിരുവനന്തപുരത്താണ് ആദ്യ സർവീസ് ആരംഭിക്കുക. ഇത് വിജയകരമാണെന്ന് കണ്ടെത്തിയാൽ കൊച്ചിയിലേക്കും മറ്റ് നഗരങ്ങളിലേക്കും സർവീസുകൾ വ്യാപിപ്പിക്കും.
ഇതിലെ ജീവനക്കാരും സ്ത്രീകളായിരിക്കും. സ്ത്രീ സൗഹൃദ ബസിന് പിങ്ക് നിറമാണ് നല്‍കുന്നത്. കെഎസ്ആർടിസി മുൻ മാനേജിംഗ് ഡയറക്ടർ എം.ജി.രാജമാണിക്യത്തിന്റെ ആശയമാണ് പിങ്ക് ബസ്.
Kerala
തിരുവനന്തപുരം: റിക്കാർഡ് വരുമാനം സ്വന്തമാക്കി കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി).
ചരിത്രത്തിലാദ്യമായി പ്രതിദിന വരുമാനം 13 കോടി രൂപ പിന്നിട്ടു. ജനുവരി അഞ്ചിനാണ് കെഎസ്ആർടിസിയുടെ ചരിത്രത്തിലെ നേട്ടം സ്വന്തമാക്കിയത്. ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറാണ് ഈ വർത്ത പുറത്തു വിട്ടത്.
കെഎസ്ആർടിസി പ്രവർത്തകരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണിതെന്നും നിങ്ങളെയോർത്ത് ഞാൻ അഭിമാനം കൊള്ളുന്നുവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
"ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം'
ഇപ്പോൾ നമ്മൾ ആഘോഷിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാ?. ചരിത്രത്തിൽ ഇത് ആദ്യമാണ്. ഈ നേട്ടത്തിൽ നമ്മൾക്ക് അഭിമാനിക്കാം..നമ്മൾക്ക് അസാധ്യമായി ഒന്നുമില്ലെന്ന് ഒരിക്കൽകൂടി കെഎസ്ആർടിസിയുടെ ജീവനക്കാർ തെളിയിച്ചു.
പ്രിയപ്പെട്ട എന്റെ കെഎസ്ആർടിസി ജീവനക്കാരേ, നിങ്ങളെയോർത്ത് ഞാൻ അഭിമാനം കൊള്ളുന്നു. നമ്മൾ നേടുന്ന ഓരോ നേട്ടങ്ങളും നമ്മുടെ കൂട്ടായ പ്രവർത്തനംകൊണ്ടാണ്. ഇനിയും ഏറെ ദൂരം നമ്മൾക്ക് സഞ്ചരിക്കേണ്ടതുണ്ട്. നമ്മൾക്ക് കഴിയും, നിങ്ങൾ കൂടെ നിന്നാൽ മതി.
ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിക്ക് സർവകാല റിക്കാർഡ്. 05.01.2026 ലെ ആകെ വരുമാനം 13.01 കോടി (ടിക്കറ്റ് വരുമാനം 12.18 Cr. ടിക്കറ്റ് ഇതര വരുമാനം 0.83 Cr.)
കെഎസ്ആർടിസി സിഎംഡി ഡോ.പ്രമോജ് ശങ്കറിന്റെയും മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും സൂപ്പർവൈസർമാരുടെയും ഓഫീസർമാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണ് തുടർച്ചയായി മികച്ച വരുമാനം നേടി മുന്നേറുന്നതിന് കെഎസ്ആർടിസിക്ക് സഹായകരമാകുന്നത്.
കഴിഞ്ഞവർഷം നിലനിന്നിരുന്ന സമാന സാഹചര്യത്തിലും ടിക്കറ്റ് നിരക്കിൽ വർദ്ധനവില്ലാതെയും പ്രവർത്തനം മെച്ചപ്പെടുത്തിയാണ് ഈ വലിയ ലക്ഷ്യം കെഎസ്ആർടിസി കൈവരിച്ചത്.
ഞാൻ മന്ത്രിയായി സ്ഥാനമേറ്റടുത്തതിന് ശേഷം നടത്തിയ കാലോചിതമായ പരിഷ്ക്കരണ നടപടികളും, കെഎസ്ആർടിസി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ തുടർ പ്രവർത്തനങ്ങളും "സ്വയംപര്യാപ്ത കെഎസ്ആർടിസി" എന്ന ലക്ഷ്യത്തിലേക്കുള്ള വലിയ മുന്നേറ്റത്തിന് നിർണായകമായി.
പുതിയ ബസുകളുടെ വരവും, സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരിൽ വൻ സ്വീകാര്യത നേടിയിട്ടുണ്ട്. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളും നിലവിൽ പ്രവർത്തന ലാഭത്തിലാണ്.
മികച്ച ടിക്കറ്റ് വരുമാനം നേടുന്നതിനായി കെഎസ്ആർടിസി നിശ്ചയിച്ചു നൽകിയിരുന്ന ടാർജറ്റ് നേടുന്നതിനായി ഡിപ്പോകളിൽ നടന്ന മത്സരബുദ്ധിയോടെയുള്ള പ്രവർത്തനങ്ങളും ഓഫ് റോഡ് കുറച്ച് പരമാവധി ബസുകൾ നിരത്തിലിക്കാനായതും സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും വരുമാനം വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്.
കെഎസ്ആർടിസിയുടെ തുടർച്ചയായ, ഈ നേട്ടങ്ങൾ കൈവരിക്കുന്നതിൽ അക്ഷീണം പ്രയത്നിക്കുന്ന കെഎസ്ആർടിസി സിഎംഡി ഡോ.പ്രമോജ് ശങ്കറിനും മാനേജ്മെന്റിനും കെഎസ്ആർടിസിയുടെ എല്ലാ വിഭാഗം ജീവനക്കാർക്കും എന്റെ അഭിനന്ദനം അറിയിക്കുന്നു. വിശ്വാസ്യത പുലർത്തി കെഎസ്ആർടിസിയോടോപ്പം നിൽക്കുന്ന എല്ലാ യാത്രക്കാർക്കും എന്റെ നന്ദി അറിയിക്കുന്നു.
കെബി ഗണേഷ് കുമാർ
ഗതാഗത വകുപ്പ് മന്ത്രി